الثلاثاء، 9 نوفمبر 2010

ചന്ദ്രശേഖരന്‍ കൊന്നത്‌ യക്ഷിയേയോ, പാവം സ്‌ത്രീയേയോ

രാത്രിയാമങ്ങളുടെ മറപറ്റി വഴിയാത്രക്കാര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട്‌ അവരോട്‌ ചുണ്ണാമ്പു ചോദിക്കുന്ന യക്ഷികളുടെ കഥകേള്‍ക്കുന്ന തലമുറകള്‍ ആവര്‍ത്തിക്കപ്പെടുന്നു. പാലപ്പൂവിന്റെ ഗന്ധത്തോടെ വെള്ളവസ്‌ത്രം ധരിച്ച്‌ കാലില്‍ ചിലങ്കയണിഞ്ഞ്‌ പ്രത്യക്ഷീഭവിക്കുന്ന യക്ഷികള്‍ സിനിമകളിലും കഥകളിലും ഏറെക്കാണാം. വിശ്വാസങ്ങള്‍ക്കുമേല്‍ അന്ധവിശ്വാസത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ ജനമനസുകളില്‍ ഭീതിയുണര്‍ത്തുന്ന ചില സങ്കല്‌പകഥകള്‍. എന്നാല്‍ കാളിപ്പെണ്ണ്‌ അത്തരത്തിലൊരു സങ്കല്‌പകഥാപാത്രമല്ലെന്ന്‌ കൊട്ടാരക്കരക്കാര്‍ ആണയിട്ടേക്കാം. ഒരു സാധാരണ സ്‌ത്രീ ആയി വളര്‍ന്ന്‌ അസാധാരണത്വമുള്ള യക്ഷിയായി തീര്‍ന്ന കാളിപ്പെണ്ണിന്റെ കഥ കൊട്ടാരക്കരയിലെ പഴമക്കാര്‍ക്കൊപ്പം കുറെയേറെ പുതിയവരും നെഞ്ചിലേറ്റിയിട്ടുണ്ട്‌.

അച്ചന്‍കോവിലിലെ കോട്ടവാസലില്‍ നിന്നും കൊട്ടാരക്കരയ്‌ക്കടുത്തെ കഴുതുരുട്ടി മലയിലെത്തിയ കാളിപ്പെണ്ണ്‌ പിന്നീട്‌ നാട്ടിലാകെ ഭീതിപടര്‍ത്തിയ കഴുതുരുട്ടി യക്ഷിയായി മാറിയെന്നാണ്‌ കഥ.കാലം ഒരുപാട്‌ പോയ്‌മറഞ്ഞു. കൊട്ടാരക്കരയുടെ മുഖം തന്നെ ആകെ മാറിയിരിക്കുന്നു. സൂര്യകിരണങ്ങള്‍ ഭൂമിയില്‍ പതിക്കാതെ മറഞ്ഞു നിന്നിരുന്ന കൂറ്റന്‍ വൃക്ഷങ്ങള്‍ ഇപ്പോള്‍ കാണാതായിരിക്കുന്നു. വൃക്ഷശിഖരങ്ങള്‍ക്കിടയിലൂടെ മാത്രം കണ്ടുപോന്നിരുന്ന മഴമേഘങ്ങളെ നേരിട്ടു തന്നെ ഇപ്പോള്‍ കാണാം. വിധിവൈപരീത്യം കൊണ്ടോ കാലത്തിന്റെ കടന്നു കയറ്റം കൊണ്ടോ അകാലത്തില്‍ കൊല്ലപ്പെട്ട കാളിപ്പെണ്ണ്‌ കാലങ്ങള്‍ക്കുമുമ്പ്‌ കൊട്ടാരക്കരയുടെ ശാന്തതയെ ഒട്ടൊക്കെ തകര്‍ത്തിരുന്നുവെന്ന്‌ പഴമക്കാര്‍ പറയുന്നു. നീണ്ടകാലം ഭയപ്പെടുത്തിയും വിരട്ടിയോടിച്ചുമൊക്കെ കാളിപ്പെണ്ണ്‌ ഇവിടമാകെ വിഹരിച്ചിരുന്നുവത്രെ. അവസാനം അവളെ ഒടുക്കാന്‍ സാക്ഷാല്‍ കൊട്ടാരക്കര ചന്ദ്രശേഖരന്‍ തന്നെ വരേണ്ടിവന്നു.

കൊട്ടാരക്കര ചന്ദ്രശേഖരനെ അറിയാത്തവരായി ഈ നാട്ടില്‍ ചുരുക്കം ചിലര്‍മാത്രമേ ഉള്ളൂവെന്നതാണ്‌ യാഥാര്‍ത്ഥ്യം. ചരിത്രത്തിലും വര്‍ത്തമാനത്തിലും പ്രാധാന്യം നേടിയ ഈ നാട്ടിലെ തലയെടുപ്പുള്ള ഒരു ഗജവീരനായിരുന്നു കൊട്ടാരക്കര ചന്ദ്രശേഖരന്‍. ഒരു സാധാരണ സ്‌ത്രീയെ നിലത്തടിച്ച്‌ കൊന്നുവെന്ന അപരാധവുംപേറി ചന്ദ്രശേഖരന്‍ ഒരുപാടുകാലം ഇവിടെ കഴിഞ്ഞിട്ടുണ്ട്‌. ചന്ദ്രശേഖരന്‍ കൊട്ടാരക്കര എത്തിയതിനു പിന്നിലും ഒരു കഥയുണ്ട്‌. തിരുവിതാംകൂര്‍ രാജ്യം കാര്‍ത്തികതിരുന്നാള്‍ രാമവര്‍മ്മ മഹാരാജാവ്‌ ഭരിച്ചിരുന്നകാലം. ആ സമയത്ത്‌ കൊച്ചി രാജ്യത്തിന്റെയും തിരുവിതാംകൂറിന്റെയും അതിര്‍ത്തിയായിരുന്ന മലയാറ്റൂരിലെ ആനത്തടത്തില്‍ ഒരുക്കിയിരുന്ന വാരിക്കുഴിയില്‍ ഒരു കുട്ടിക്കൊമ്പന്‍ കുടുങ്ങിയത്രെ. ദിവാനായിരുന്ന രാജാ കേശവദാസന്റെ നിര്‍ദ്ദേശപ്രകാരം ആ കൊമ്പനെ മലയാറ്റൂര്‍ നിന്നും തിരുവിതാംകൂറിലേക്ക്‌ കൊണ്ടുവരുന്ന വഴിയില്‍ ഇവിടെ കൊട്ടാരക്കരവച്ച്‌ പടിഞ്ഞാറ്റിന്‍കര ദേശത്തെ സാക്ഷാല്‍ മഹാദേവന്‌ നടയ്‌ക്കിരുത്തിയെന്നും പറയുന്നു. ആ കുട്ടിക്കൊമ്പനാണ്‌ കൊട്ടാരക്കര ചന്ദ്രശേഖരനെന്ന പേരില്‍ പിന്നീട്‌ ഒരുപാട്‌ കഥകളില്‍ ഇടം തേടിയത്‌.

ആര്യങ്കാവ്‌ ശാസ്‌താവിന്റെ തെക്കുഭാഗത്തായി ഭീതി വിതറിക്കൊണ്ട്‌ വിഹരിച്ചിരുന്ന കഴുതുരുട്ടി യക്ഷിയെക്കുറിച്ച്‌ എല്ലാവര്‍ക്കും ഭയപ്പാടോടെ മാത്രമേ അന്ന്‌ സംസാരിക്കാനായിരുന്നുള്ളൂ. യക്ഷിയുടെ സ്വൈരവിഹാരം സമ്പൂര്‍ണ്ണമായതോടെ നേരം മയങ്ങിത്തുടങ്ങിയാല്‍ പുരുഷന്‍മാര്‍പോലും വീടുകള്‍ വിട്ട്‌ പുറത്തിറങ്ങാത്ത സ്‌ഥിതിയായി. ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരുന്ന കഥകളാകട്ടെ കൂടുതല്‍ കൂടുതല്‍ ഭയമുണ്ടാക്കാനേ ഉപകരിച്ചുള്ളൂ.

ആയിടയ്‌ക്കാണ്‌ ചെങ്കോട്ടയില്‍ നിന്നും നാലഞ്ച്‌ ഭക്‌തര്‍ ആര്യങ്കാവ്‌ ശാസ്‌താവിനെ ദര്‍ശിക്കാനെത്തിയത്‌. സന്ധ്യാ ദീപാരാധനയ്‌ക്കു ശേഷം തിരിച്ചുപോകുകയായിരുന്ന അവരില്‍ മൂന്നുപേരെ ആരോ തട്ടിക്കൊണ്ടുപോയി എന്നൊരു വാര്‍ത്ത പെട്ടെന്ന്‌ പരന്നു.

എന്നാല്‍ സംഭവിച്ചതെന്താണെന്ന്‌ പലര്‍ക്കും അറിയില്ലായിരുന്നു. ശാസ്‌താദര്‍ശനം കഴിഞ്ഞ്‌ വരികയായിരുന്ന ഭക്‌തര്‍ക്കുമുന്നില്‍ ഒരു സുന്ദരിയായ സ്‌ത്രീ വന്നുപെട്ടു. താന്‍ ഒറ്റയ്‌ക്ക് വരികയാണെന്നും ബന്ധു ഗൃഹത്തില്‍ സംസാരിച്ചിരുന്നകാരണത്താല്‍ വൈകിപ്പോയിയെന്നും അതുകൊണ്ട്‌ തൊട്ടടുത്ത മലയ്‌ക്കുമുകളിലുള്ള ഭവനംവരെ കൊണ്ടുചെന്നാക്കണമെന്നും അവളാവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ ഏറെയുള്ള വഴിതാണ്ടാന്‍ പ്രയാസമായതിനാല്‍ സഹോദരസ്‌നേഹത്തോടെ അനുഗമിക്കണമെന്ന്‌ അവള്‍ പറഞ്ഞപ്പോള്‍ ഒന്നുരണ്ടുപേര്‍ക്ക്‌ താല്‌പര്യമില്ലായിരുന്നുവെങ്കിലും അതില്‍ മൂന്നു ഭക്‌തര്‍ അവളെ സഹായിക്കാന്‍ തന്നെ തയ്യറായി.

കാണാതായ വാര്‍ത്ത പരന്നതോടെ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചുവെങ്കിലും ഭക്‌തരെ കണ്ടെത്താനായില്ല. എന്നാല്‍ പിറ്റേദിവസം പ്രഭാതത്തില്‍ മറ്റൊരു വാര്‍ത്തയാണ്‌ നാട്ടുകാരെ എതിരേറ്റത്‌. കഴുതുരുട്ടി കുന്നിന്റെ താഴ്‌വാരത്തില്‍ കൊലചെയ്യപ്പെട്ട രീതിയില്‍ മൂന്നുപേരുടെ മൃതദേഹം കാണപ്പെട്ടു എന്ന വാര്‍ത്ത ഇവിടത്തുകാരില്‍ ഭീതിയുടെ ആഴം കൂട്ടി.

കഴുതുരുട്ടി യക്ഷിയുടെ പീഡനമേറ്റവരില്‍ പിന്നെയും ചിലരുടെ പേരുകള്‍ നാട്ടിലാകെ പരന്നു. രാത്രിയുടെ യാമങ്ങളില്‍ ഉയര്‍ന്നുപൊങ്ങുന്ന തീജ്വാലകളും ചെകിടടപ്പിക്കുന്ന ചങ്ങലനാദവുമായി അവള്‍ നാടിനെയാകെ വിറപ്പിച്ചുകൊണ്ടിരുന്നു. കുറേപ്പേര്‍ നാട്ടില്‍ നിന്നും ഒഴിഞ്ഞുപോയി. സായാഹ്നമായാല്‍ സ്‌ത്രീകളും കുട്ടികളും വീടിനു പുറത്തേക്കിറങ്ങാതെയായി. ദിവസങ്ങള്‍ കഴിയുന്നതിനിടയില്‍ മഹാരാജാവിന്റെ കാര്യക്കാരനും നാട്ടുപ്രമാണിമാരുമൊക്കെ പരിഹാരമാരാഞ്ഞ്‌ ഒത്തിരി തവണ ഒത്തുകൂടി. മഹാമാന്ത്രികന്മാരോടും ജോത്സ്യന്മാരോടുമൊക്കെ പരിഹാരമാരാഞ്ഞു. പലരും പല മാര്‍ഗങ്ങളാണ്‌ ഉപദേശിച്ചത്‌. എന്നാല്‍ അച്ചന്‍കോവിലിലെ തന്നെ ഒരു മഹാമാന്ത്രികനായ ശംഭുപ്പാണ്ടി അഭിപ്രായപ്പെട്ടത്‌ പലരും മുഖവിലയ്‌ക്കെടുത്തു. ഇതൊരു സാധാരണയക്ഷിയല്ല. മറുതായക്ഷിയാണ്‌. അവളെ പൂര്‍ണ്ണമായും ഒടുക്കാതെ നാട്ടില്‍ രക്ഷയുണ്ടാകില്ല അത്‌ ചെയ്യണമെങ്കില്‍ സാക്ഷാല്‍ മഹാദേവന്‍ തന്നെ എഴുന്നള്ളേണ്ടിയിരിക്കുന്നു. അവര്‍ കൊട്ടാരക്കര മഹാദേവനുമുന്നില്‍ ആവലാതികളോടെ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്‌ക്ക് ഫലമുണ്ടാകുമെന്ന്‌ അവര്‍ കരുതിയതില്‍ തെറ്റില്ല.

ഇതിനിടയില്‍ ഒരു ദിവസം ഏതാണ്ട്‌ അര്‍ദ്ധരാത്രിയോടടുത്തസമയം. ചെകിടടപ്പിക്കുന്ന കുരവയുടെ ആരവങ്ങള്‍ക്കിടയില്‍ ഭീതിജനകമായി അഗ്നിജ്വാലകള്‍ ഉയര്‍ത്തിക്കൊണ്ട്‌ മറുതായക്ഷി കഴുതുരുട്ടി മലയിറങ്ങി തെക്കോട്ടു പോയി. ഈ സമയം നാട്ടുകാരില്‍ അത്ഭുതമുയര്‍ത്തിക്കൊണ്ട്‌ ചന്ദ്രശേഖരന്റെ ചിന്നംവിളി ഉയര്‍ന്നു. അത്‌ നാലും അഞ്ചും പ്രാവശ്യമായി മാറിയപ്പോള്‍ ധൈര്യശാലികളായ കുറേപേര്‍ കത്തിച്ച പന്തങ്ങളുമായി ചിന്നംവിളി കേട്ടഭാഗത്തേക്ക്‌ കുതിച്ചു. സ്വാഭാവികമായും മഹാദേവരുടെ തിരുനടയിലായിരിക്കും ചന്ദ്രശേഖരനെന്നു കരുതിയവര്‍ക്ക്‌ തെറ്റി. എന്നാല്‍ അവന്‍ കഴുതുരുട്ടിമലയുടെ താഴ്‌വാരത്ത്‌ സ്വസ്‌ഥനായി കിടക്കുന്നതാണ്‌ കണ്ടത്‌. ഏതാണ്ട്‌ ബ്രഹ്‌മമുഹൂര്‍ത്തത്തിനു മുമ്പുള്ള സമയം. കഴുതുരുട്ടി മലവിട്ടുപോയിരുന്ന മറുതായക്ഷി മടങ്ങിവരുന്നുണ്ടായിരുന്നു. എന്നാല്‍ തന്നെ വഴിമുടക്കി കിടക്കുന്ന വെറുമൊരു ആനയെക്കണ്ട്‌ പരിഹാസത്തോടെ അവള്‍ ഒന്നു നിന്നു. വാഗ്വാദങ്ങള്‍ക്കു നില്‍ക്കാതെ അവള്‍ ചന്ദ്രശേഖരനെ സൂക്ഷിച്ചുനോക്കി. പിന്‍കാലുകള്‍ ഉയര്‍ത്തി മുന്‍കാലുകള്‍ മുട്ടിച്ചുകൊണ്ട്‌ ചന്ദ്രശേഖരന്‍ ആ മലയുടെ താഴ്‌വാരത്തുനിന്നും പതുക്കെ എണീറ്റു. പിന്നെല്ലാം പൊടുന്നനെ സംഭവിക്കുകയായിരുന്നു.

തുമ്പിക്കയ്യാല്‍ കോരിയെടുക്കപ്പെട്ട മറുതായക്ഷി കഴുതുരുട്ടി മലയുടെ താഴ്‌വാരത്തില്‍ ഒരു പാറക്കല്ലില്‍ ചിതറി തെറിച്ചു. ചന്ദ്രശേഖരന്റെ ചിന്നംവിളികള്‍ കഴുതുരുട്ടി മലയിലും മറുവശങ്ങളിലും പ്രകമ്പനംകൊണ്ടു. പിന്നീടൊരിക്കലും കൊട്ടാരക്കരക്കാര്‍ക്ക്‌ അവളുടെ ശല്യവും ഭയപ്പെടുത്തലും സഹിക്കേണ്ടി വന്നിട്ടില്ല. മഹാദേവന്‍ തന്നെയാണ്‌ ഈ മാരണത്തെ ഇല്ലാതാക്കിയതെന്ന്‌ ഇന്നും ഇവിടെ പലരും വിശ്വസിക്കുന്നു. എന്നാല്‍ കൊട്ടാരക്കര ചന്ദ്രശേഖരന്‍ ഒരു പാവം സ്‌ത്രീയെ നിലത്തടിച്ചു കൊന്നുവെന്ന്‌ ചിലരെങ്കിലും പറയാതെയും ഇല്ല. പക്ഷെ നാട്ടില്‍ ഭീതിവിതച്ചിരുന്ന കാളിപ്പെണ്ണെന്ന മറുതായക്ഷിയാണ്‌ ഇവിടെ ഇല്ലാതാക്കപ്പെട്ടതെന്നാണ്‌ ചിലരുടെ പക്ഷം.പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ പലരും ഇക്കഥ ഇവിടെ പറഞ്ഞുകേള്‍ക്കുന്നുണ്ട്‌. എന്നാല്‍ യാഥാര്‍ത്ഥ്യമെന്തെന്ന്‌ പലര്‍ക്കും അറിയില്ല. പക്ഷെ കൊട്ടാരക്കര മഹാദേവനും ചന്ദ്രശേഖരനും കഴുതുരുട്ടിക്കുന്നും മറുതായക്ഷിയുമൊക്കെ ഈ നാടിന്റെ ഇന്നലെകളുടെ ഹൃദയമിടിപ്പിന്റെ സങ്കല്‌പ്പ കഥകളില്‍ ഇടംനേടി.

هناك تعليقان (2):

  1. തുമ്പിക്കയ്യാല്‍ കോരിയെടുക്കപ്പെട്ട മറുതായക്ഷി കഴുതുരുട്ടി മലയുടെ
    താഴ്‌വാരത്തില്‍ ഒരു പാറക്കല്ലില്‍ ചിതറി തെറിച്ചു
    എനിക്കൊരു സംശയം ഈ യെക്ഷികള്‍ക്ക് മജയും മാംസവുമുണ്ടോ ചിതറിതെറിക്കാന്‍ സാധാരണ യെക്ഷികള്‍ക്ക് ഇതില്ലന്നാണ് കേട്ടുകേള്‍വി അതുകൊണ്ട് ചോദിച്ചതാണ്

    ردحذف
  2. luckyclub.live | Lucky Club
    Lucky Club. Live · Events. Sign Up · Login. Create luckyclub.live New Account. Sign In · Sign In · Log In · Join. Deposit & Play · Promotions · Bonuses.

    ردحذف