الأربعاء، 22 ديسمبر 2010

കൊല്‍ക്കത്ത എക്‌സ്പ്രസിലെ കൊലപാതകം

പിടഞ്ഞെണീക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചുമലിലൂടെ നെഞ്ചിലേക്ക്‌ ഇറക്കിയ അവളുടെ കൈയ്‌ക്ക് ഇരുമ്പിന്റെ ശക്‌തി ഉണ്ടായിരുന്നു. ഭീതിയോടെ രവീന്ദ്രനാഥ്‌ അവളുടെ മുഖത്തേക്കു നോക്കി. അവള്‍ നിരഞ്‌ജനയല്ല. മുഖം മാറിയിരിക്കുന്നു.

''ജൂലിയറ്റ്‌...?!'' രവീന്ദ്രനാഥ്‌ വിറയാര്‍ന്ന്‌ മന്ത്രിച്ചു. ഹൃദയം നിലച്ചുപോവുമെന്ന്‌ അയാള്‍ക്കുതോന്നി.

''അപ്പോള്‍ നീയെന്നെ മറന്നിട്ടില്ല.'' അവള്‍ മുരണ്ടു.

''ജൂലിയറ്റ്‌, പ്ലീസ്‌...''

രവീന്ദ്രനാഥ്‌ ദൈന്യതയോടെ തൊഴുതു.

''ഇതേപോലെ നിന്നോടും ഞാന്‍ ഒരിക്കല്‍ യാചിച്ചു.. സ്‌നേഹത്തിന്റെ കാരുണ്യത്തിന്റെ ഒരു കണികപോലും നിന്റെ മനസിലുണ്ടായില്ല.''

കൊല്‍ക്കത്ത എക്‌സ്പ്രസ്‌ ഇരുളിനെ കീറിമുറിച്ച്‌ അപ്പോഴും മുന്നോട്ട്‌ കുതിക്കുകയായിരുന്നു. ജൂലിയറ്റ്‌ തുടര്‍ന്നു.

''അന്നു മുതല്‍ നിന്റെ പിന്നാലെ ഞാനുണ്ട്‌. ഒരു നിഴലായി. നിന്നെ ഒറ്റയ്‌ക്കൊന്നു കിട്ടാന്‍ എനിക്കു കാത്തിരിക്കേണ്ടി വന്നത്‌ ഒരു വ്യാഴവട്ടക്കാലം... ഞാന്‍ കാത്തിരുന്ന നിമിഷം ഇന്നാണ്‌...''

ജൂലിയറ്റിന്റെ കണ്ണുകളില്‍ തീപാറുന്നത്‌ രവീന്ദ്രനാഥ്‌ കണ്ടു. അയാളുടെ കഴുത്തിലുള്ള പിടിമുറുകി. രവീന്ദ്രനാഥ്‌ ജൂലിയറ്റിന്റെ കൈയില്‍ക്കിടന്നു പിടഞ്ഞു.

''ജൂലിയറ്റ്‌... ജൂലിയറ്റ്‌ പ്ലീസ്‌...''

വാക്കുകള്‍ തൊണ്ടയില്‍ത്തന്നെ കുരുങ്ങിക്കിടന്നു. അവളുടെ അമാനുഷികശക്‌തിയില്‍ ശ്വാസംമുട്ടി പിടഞ്ഞ രവീന്ദ്രനാഥിന്റെ കണ്ണുകളില്‍നിന്നും കവിളുകളിലേക്കു രക്‌തം ഒലിച്ചിറങ്ങി. അതുനോക്കി അവള്‍ ആത്മഹര്‍ഷത്തോടെ പൊട്ടിച്ചിരിച്ചു. ട്രെയിന്‍ അപ്പോഴേക്കും അടുത്ത സ്‌റ്റേഷനില്‍ എത്തിക്കഴിഞ്ഞിരുന്നു.

അവിടെനിന്നു കൊല്‍ക്കത്ത എക്‌സ്പ്രസില്‍ കയറാന്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. എങ്കിലും ഒന്നാം നമ്പര്‍ പ്ലാറ്റ്‌ ഫോമില്‍ ട്രെയിന്‍ വന്നുനിന്നു. ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍നിന്നും കുറച്ചുപേര്‍ ഇറങ്ങി. എസ്‌. സെവന്‍ കോച്ചില്‍ കയറാന്‍ ബ്രീഫ്‌ കെയ്‌സ് തൂക്കി സുമുഖനായ ഒരു ചെറുപ്പക്കാരന്‍ വന്നു. അകത്തുനിന്നും ലോക്ക്‌ ചെയ്‌തതിനാല്‍ ഡോര്‍ തുറക്കാനായില്ല. തൊട്ടടുത്ത കമ്പാര്‍ട്ടുമെന്റിന്റെ എന്‍ട്രന്‍സില്‍ നില്‍ക്കുന്ന കറുത്തുതടിച്ച ടി.ടി. ആറിന്റെ അടുത്തേക്ക്‌ അയാള്‍ വേഗം ചെന്നു. ടിക്കറ്റ്‌ നീട്ടി. ടിക്കറ്റ്‌ വാങ്ങി ക്ലിപ്പ്‌ ബോര്‍ഡിലെ ചാര്‍ട്ടില്‍ മാര്‍ക്ക്‌ ചെയ്‌ത് തിരികെ നല്‍കുമ്പോള്‍ ടി.ടി.ആര്‍. പറഞ്ഞു.

''എസ്‌. സെവന്‍ കോച്ച്‌ ലോക്കാ. സാറിനു സിക്‌സിലൂടെ പ്രവേശിക്കാം.

അയാള്‍ കമ്പാര്‍ട്ടുമെന്റിലേക്കു കയറി. ഓവര്‍കോട്ട്‌ ധരിച്ച അയാളുടെ തലയില്‍ തൊപ്പി ഉണ്ടായിരുന്നു.

ആളുകള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന എസ്‌. സെവന്‍ കോച്ചിന്റെ വഴിയിലൂടെ അയാള്‍ എസ്‌. സെവനിലേക്ക്‌ കടന്നു.

ഡോര്‍ തള്ളിത്തുറന്ന്‌ എസ്‌. സെവന്‍ കോച്ചിലേക്കു കടന്നു. യാത്രക്കാര്‍ ആരുമില്ല. അന്ധകാരവും ഭീതിയും നിറഞ്ഞുനില്‍ക്കുന്നു.

ട്രെയിന്‍ മെല്ലെ നീങ്ങിത്തുടങ്ങുന്നത്‌ അയാള്‍ അറിഞ്ഞു. ലൈറ്റ്‌ തെളിയിച്ച്‌ തന്റെ ബെര്‍ത്ത്‌ നമ്പര്‍ പരതുകയായിരുന്നു അയാള്‍. പിടയുന്ന ശബ്‌ദവും ഞരക്കവും കേട്ട്‌ അയാള്‍ പെട്ടെന്ന്‌ മുഖമുയര്‍ത്തി. ഒരു നിമിഷം ശങ്കിച്ചു. എന്നിട്ട്‌ ശബ്‌ദം കേട്ട ദിക്കിലേക്ക്‌ ഓടി.

അവിടെ കണ്ട കാഴ്‌ച?!

കഴുത്തുപിടിച്ച്‌ കണ്ണുതുറിച്ച്‌ പിടയുന്ന രവീന്ദ്രനാഥിനെയാണ്‌ അയാള്‍ കണ്ടത്‌. എന്താണ്‌ അവിടെ സംഭവിക്കുന്നതെന്ന്‌ അറിയാതെ അയാള്‍ പകച്ചുനിന്നു. ജീവന്‍ പിടഞ്ഞുതീരുന്ന മട്ടില്‍ ക്രമേണ രവീന്ദ്രനാഥിന്റെ പിടച്ചില്‍ നിലച്ചു. അയാള്‍ രവീന്ദ്രനാഥിന്റെ പള്‍സ്‌ നോക്കി. ബി.പി. പരിശോധിച്ചു. ഹൈ ടെന്‍ഷനുണ്ട്‌. ബ്രീഫ്‌ കെയ്‌സ് തുറന്ന്‌ ഒരിഞ്ചക്ഷന്‍ കൊടുത്തു. അല്‍പ്പനേരം അങ്ങനെ കിടന്നു. ട്രെയിനിന്‌ വേഗത കൂടി. രവീന്ദ്രനാഥ്‌ കണ്ണുതുറന്നു. തൊപ്പിയും ഓവര്‍ക്കോട്ടും ധരിച്ചയാളെ ഭയവിഹ്വലതയോടെ നോക്കിയിട്ട്‌ വിഭ്രാന്തിയില്‍ വിരല്‍ചൂണ്ടി.

''ജൂലിയറ്റ്‌, യൂ... യൂ....''

''റിലാക്‌സ്്‌... റിലാക്‌സ്...'' അയാള്‍ രവീന്ദ്രനാഥിന്റെ ചുമലില്‍ തട്ടിക്കൊണ്ട്‌ പറഞ്ഞു.

''നിങ്ങള്‍?''

''എന്റെ പേര്‌ അനില്‍ലാല്‍. ഡോക്‌ടറാണ്‌. നിങ്ങളുടെ സഹയാത്രികന്‍.''

അയാള്‍ പരിചയപ്പെടുത്തി. രവീന്ദ്രനാഥ്‌ കണ്ണുകള്‍ നാലുപാടും പായിച്ചുകൊണ്ട്‌ അന്വേഷിച്ചു.

''അവളെവിടെ ജൂലിയറ്റ്‌?''

''ജൂലിയറ്റ്‌? ആരാണവള്‍'' അനില്‍ലാല്‍ നെറ്റി ചുളിച്ചുകൊണ്ട്‌ ചോദിച്ചു. ജൂലിയറ്റിനെക്കുറിച്ച്‌ പറയാന്‍ അയാള്‍ ഭയപ്പെട്ടിരുന്നു. എങ്കിലും പറഞ്ഞൊപ്പിച്ചു.

''എന്നെ കൊല്ലാന്‍ വന്നവള്‍. ഇവിടെ അവളുണ്ടായിരുന്നു. നീല ചുരിദാറും ഷാളും ധരിച്ച്‌. ജൂലിയറ്റ്‌ ആദ്യം എന്നെ പറ്റിച്ചു. നിരഞ്‌ജനയെന്നാണ്‌ പറഞ്ഞത്‌. പിന്നീടാണ്‌ അവള്‍ ജൂലിയറ്റ്‌ ആണെന്ന സത്യം മനസിലായത്‌. അപ്പോഴേക്കും അവള്‍ എന്റെ കഴുത്തില്‍ പിടിമുറുക്കിയിരുന്നു. കണ്ണുകളില്‍നിന്നും ചോര ഒഴുകി. ശരിക്കും അവളെന്നെ അല്‍പ്പസമയം മുമ്പ്‌ കൊന്നതാണ്‌.''

ഡോ. അനില്‍ലാല്‍ അഡ്വ. രവീന്ദ്രനാഥിനെ സമാധാനിപ്പിച്ചു. കൊല്‍ക്കത്തിലേക്കായിരുന്നു അനില്‍ലാല്‍. അതുകൊണ്ടുതന്നെ അയാളുമായി സംസാരിച്ചും ചെറു തമാശ പറഞ്ഞും മനസിന്റെ നില നോര്‍മലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കൊല്‍ക്കത്ത സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍വരെ അയാള്‍ രവീന്ദ്രനാഥിനെ നിരീക്ഷിച്ചു. വെളുപ്പിന്‌ ആറുമണിയോടെ ട്രെയിന്‍ കൊല്‍ക്കത്ത സ്‌റ്റേഷനിലെത്തി. രവീന്ദ്രനാഥിനോടൊപ്പമാണ്‌ അനില്‍ലാല്‍ പ്ലാറ്റ്‌ഫോമിലേക്കിറങ്ങിയത്‌. ''എന്റെ ഹോസ്‌പിറ്റലില്‍ വന്നിട്ട്‌ പോവാം. ഒന്ന്‌ ചെക്കപ്പ്‌ നടത്തിയിട്ട്‌..'' അനില്‍ലാല്‍ പറഞ്ഞു.

''സോറി. എനിക്കു വേഗം വീട്ടിലെത്തണം.''

''അറിയാം. തിരക്കുള്ള വക്കീലിന്റെ ടെന്‍ഷന്‍ ഉള്‍ക്കൊണ്ടിട്ടുതന്നെയാണ്‌ പറയുന്നത്‌.''

''ഓ കെ.''

അവര്‍ പുറത്തേക്കു നടന്നു. ട്രെയിനില്‍വച്ച്‌ അവര്‍ തമ്മിലുണ്ടായ സംസാരത്തില്‍ അന്യോന്യം പരിചയപ്പെട്ടിരുന്നു. റെയില്‍വേസ്‌റ്റേഷനില്‍ കാത്തുനിന്നിരുന്ന ഇന്നോവയിലാണ്‌ ഇരുവരും കയറിയത്‌. വലിയൊരു വീടിന്റെ പോര്‍ച്ചിലാണ്‌ കാര്‍ നിന്നത്‌.

''ഇവിടെയാണ്‌ എന്റെ ക്ലിനിക്ക്‌'' ഡോര്‍ തുറന്ന്‌ പുറത്തിറങ്ങുമ്പോള്‍ അനില്‍ലാല്‍ പറഞ്ഞു.

ഇരുവരും ലിഫ്‌റ്റില്‍ കയറിയാണ്‌ മുകളിലെത്തിയത്‌. അനില്‍ലാല്‍ രവീന്ദ്രനാഥിനെ ഒരു മുറിയിലിരുത്തി.

''ഇരിക്കൂ... ഞാനിപ്പോ വരാം.'' അയാള്‍ മുറിയില്‍നിന്നും പോയി. കമ്പ്യൂട്ടറും സ്‌ക്രീനും പലവിധത്തിലുള്ള ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും അവിടെ സജ്‌ജീകരിച്ചിരുന്നു. ഒരു ശാസ്‌ത്രജ്‌ഞന്റെ പരീക്ഷണശാലയാണോ അതെന്ന്‌ തോന്നിപ്പോകും. കനത്ത നിശബ്‌ദതയായിരുന്നു ആ മുറിക്കുള്ളില്‍. ഡോര്‍ ലോക്ക്‌ അനങ്ങുന്നത്‌ കേട്ട്‌ രവീന്ദ്രനാഥ്‌ ഞെട്ടിത്തിരിഞ്ഞു നോക്കി. അത്‌ ഡോ. അനില്‍ലാല്‍ ആയിരുന്നു. അയാള്‍ രവീന്ദ്രനാഥിന്റെ അഭിമുഖം ഇരുന്നു. ''ശരിക്കും എന്നെ എന്തിനാണ്‌ ഇവിടെ കൊണ്ടുവന്നത്‌?'' രവീന്ദ്രനാഥ്‌ ചോദിച്ചു.

''ജൂലിയറ്റ്‌..''

അനില്‍ലാല്‍ വാക്ക്‌ പൂര്‍ത്തിയാക്കുംമുമ്പ്‌ ആ പേര്‌ കേട്ടപ്പോള്‍ത്തന്നെ രവീന്ദ്രനാഥിന്റെ മുഖത്തൊരു ഞെട്ടലുണ്ടായി. അനില്‍ലാല്‍ ആ ഞെട്ടല്‍ കണ്ടുകൊണ്ട്‌ തന്നെ പറഞ്ഞു തീര്‍ത്തു.

''.... എന്ന യുവതിയുടെ ആത്മാവ്‌ താങ്കളെ കൊല്ലാന്‍ ഒരു നിഴലായി പിന്തുടരുന്നുണ്ടെന്ന്‌ താങ്കള്‍ ഇപ്പോഴും വിശ്വസിക്കുന്നു.''

നനവു വറ്റിയ ചുണ്ട്‌ ചലിപ്പിച്ച്‌ അയാള്‍ പറഞ്ഞു.

''താങ്കളുടെ ഊഹം ശരിയാണ്‌.''

''അഡ്വ. രവീന്ദ്രനാഥിന്റെ മനസില്‍നിന്നും ജൂലിയറ്റിനെക്കുറിച്ചുള്ള ചിന്ത പൂര്‍ണമായും നീക്കേണ്ടിയിരിക്കുന്നു. എന്നിട്ടേ താങ്കളെ ഞാനിവിടെ നിന്നും വിടുകയുള്ളൂ.''

''നമ്മള്‍ അത്രയ്‌ക്ക് അടുത്തുപോയല്ലേ?''

''യെസ്‌. താങ്കള്‍ എന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുമോ?''

''യെസ്‌.''

അനില്‍ലാല്‍ അഡ്വ. രവീന്ദ്രനാഥിനെ കാലും നീട്ടി ചാരിക്കിടക്കാവുന്ന കറങ്ങുന്ന കസേരയിലിരുത്തി. എന്നിട്ട്‌ ഒരു ഇയര്‍ഫോണ്‍ ഇരുചെവിയിലും ഘടിപ്പിച്ചശേഷം കമ്പ്യൂട്ടറിനു മുന്നിലിരുന്നു.

കീ പാഡ്‌ വലിച്ചെടുത്തു. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്‌തു. കമ്പ്യൂട്ടറില്‍ ഘടിപ്പിച്ച മൈക്കിലൂടെ അനില്‍ലാല്‍ പറഞ്ഞു.

''രവീന്ദ്രനാഥ്‌, ഇപ്പോള്‍ താങ്കള്‍ പൂര്‍ണനിദ്രയിലേക്കു വഴുതിവീഴുകയാണ്‌് താങ്കളുടെ കണ്ണുകള്‍ സാവധാനം അടഞ്ഞുകൊണ്ടിരിക്കുന്നു.''

രവീന്ദ്രനാഥ്‌ ക്രമേണ ഉറങ്ങിപ്പോയി.

''രവീന്ദ്രനാഥിന്റെ മനസില്‍ ജൂലിയറ്റിന്റെ മുഖം മാത്രമേയുള്ളൂ. അനില്‍ലാല്‍ പറഞ്ഞു.

''യെസ്‌.'' രവീന്ദ്രനാഥ്‌ മന്ത്രിച്ചു.

''താങ്കള്‍ എന്നാണ്‌ ആദ്യമായി ജൂലിയറ്റിനെ കണ്ടത്‌. എന്താണ്‌ ജൂലിയറ്റിനെ ഭയപ്പെടാന്‍ കാരണം. ആ സംഭവങ്ങള്‍ താങ്കളുടെ മനസില്‍ തെളിയുകയാണ്‌.''

അനില്‍ലാല്‍ പറഞ്ഞുതീര്‍ന്നതും രവീന്ദ്രനാഥിന്റെ കാതില്‍ മുഴങ്ങിയത്‌ കൊല്‍ക്കത്ത എക്‌സ്പ്രസിന്റെ ശബ്‌ദം. നേര്‍ത്തുതെളിഞ്ഞ ചിത്രത്തില്‍ കൊല്‍ക്കത്ത എക്‌സ്പ്രസിന്റെ എസ്‌.7 കോച്ചിനുള്‍വശം. പതിമൂന്നുവര്‍ഷം മുമ്പ്‌ ഒരു രാത്രി. രവീന്ദ്രനാഥിന്റെ മനസില്‍ തെളിയുന്ന ചിത്രങ്ങള്‍ ഒന്നൊന്നായി പുറത്തേക്കു വന്നു.ഏറ്റവുമൊടുവില്‍ അനില്‍ലാല്‍ അമ്പരപ്പോടെ പറഞ്ഞു.

''മൈഗോഡ്‌!''

ആ സംഭവം ക്രോഡീകരിച്ചതിങ്ങനെ.

പതിമൂന്ന്‌ വര്‍ഷം മുമ്പ്‌ കൊല്‍ക്കത്ത എക്‌സ്പ്രസിന്റെ എസ്‌.7 എ.സി. കോച്ചില്‍ യാത്രചെയ്യുകയായിരുന്ന രവീന്ദ്രനാഥ്‌. തൊട്ടെതിര്‍വശത്തെ ബര്‍ത്തില്‍ ജൂലിയറ്റ്‌ ഇരിക്കുന്നുണ്ട്‌. കമ്പാര്‍ട്ടുമെന്റില്‍ മറ്റാരുമില്ല. രവീന്ദ്രനാഥും ജൂലിയറ്റും പരിചയപ്പെട്ടു. ജൂനിയര്‍ അഡ്വക്കേറ്റാണ്‌ രവീന്ദ്രനാഥ്‌ എന്നും ജൂലിയറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ചരിത്രവിദ്യാര്‍ഥിനിയാണെന്നും ഇരുവരും മനസിലാക്കി. രവീന്ദ്രനാഥിനു ജൂലിയറ്റിനോട്‌ അഭിനിവേശം തോന്നി. അയാള്‍ അക്കാര്യ ം അവളെ അറിയിക്കുകയും ചെയ്‌തു.

''സോറി...'' അവള്‍ നിരുത്സാഹപ്പെടുത്തി.

കോച്ചിലേക്കുള്ള ഡോര്‍ ലോക്ക്‌ ചെയ്‌തശേഷം രവീന്ദ്രനാഥ്‌ ജൂലിയറ്റിനെ പിടികൂടാന്‍ ശ്രമിച്ചു. അവള്‍ ഓടി. കമ്പാര്‍ട്ട്‌മെന്റിനകത്ത്‌ അവളുടെ നിലവിളി ഉയര്‍ന്നു.

''പ്ലീസ്‌... എന്നെ നശിപ്പിക്കരുതേ....'' അവള്‍ തൊഴുതു കരഞ്ഞു. രവീന്ദ്രനാഥ്‌ അവളെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരുന്നു. കുതിച്ചുപായുന്ന കൊല്‍ക്കത്ത എക്‌സ്പ്രസിലെ എസ്‌. 7 എ.സി. കോച്ചിലെ ഈ സംഭവങ്ങള്‍ ആരും അറിഞ്ഞില്ല. ചുണ്ടില്‍ പൊടിഞ്ഞ ചോര തുടച്ച്‌ അവള്‍ ക്ഷുഭിതയായി.

''നിന്നെ ഞാന്‍ വിടില്ല. ട്രെയിന്‍ കൊല്‍ക്കത്തില്‍ എത്തിക്കോട്ടെ.''

രവീന്ദ്രനാഥ്‌ ഭയന്നുവിറച്ചു. ജൂലിയറ്റ്‌ ജീവിച്ചിരുന്നുകൂടാ. അയാള്‍ അവളെ പിടിച്ചുവലിച്ച്‌ ഡോറിനടുത്ത്‌ കൊണ്ടുപോയി ഒറ്റത്തള്ള്‌. ഒരലര്‍ച്ചയോടെ ജൂലിയറ്റ്‌ കടലാസുപോലെ പുറത്തേക്കു പാറി. ഡോ. അനില്‍ലാല്‍ സംഭവത്തിന്റെ നിജസ്‌ഥിതി മനസിലാക്കി. അന്നത്തെ സംഭവത്തിനുശേഷം അതേ ട്രെയിനില്‍ അതേ കമ്പാര്‍ട്ടുമെന്റില്‍ തനിച്ച്‌ യാത്ര ചെയ്‌തപ്പോള്‍ രവീന്ദ്രനാഥിന്റെ മനസില്‍ ജൂലിയറ്റിനെക്കുറിച്ചുള്ള ചിന്തകള്‍ കടന്നുവന്നതാണ്‌ ജൂലിയറ്റിന്റെ പ്രേതം കമ്പാര്‍ട്ടുമെന്റില്‍ വന്നതായി തോന്നിയത്‌. അത്‌ അയാളുടെ വെറും തോന്നലായിരുന്നു.രവീന്ദ്രനാഥ്‌ മെല്ലെ കണ്ണുതുറന്നു. അയാള്‍ അനില്‍ലാലിനെ നോക്കി നന്ദിയോടെ പറഞ്ഞു.''മനസില്‍നിന്നും വലിയൊരു ഭാരം നീങ്ങിയതുപോലെ.'' അനില്‍ലാല്‍ എഴുന്നേറ്റു.

''താങ്കളുടെ ജീവിതത്തില്‍ സത്യവും മിഥ്യവും ഉണ്ടായി. ജൂലിയറ്റിനെ താങ്കള്‍ ക്രൂരമായി കൊലപ്പെടുത്തിയത്‌ സത്യം. ജൂലിയറ്റിന്റെ പ്രേതം താങ്കളെ കൊല്ലാന്‍ വന്നത്‌ വെറും തോന്നലും മിഥ്യയും. പക്ഷേ, ഒരു സത്യമുണ്ട്‌. ഏതൊരു ക്രൂരതയുടെയും തെളിവിന്റെ ഒരംശമെങ്കിലും ഉണ്ടാവും. ഇവിടെ അതുണ്ടായില്ല. പക്ഷേ നിങ്ങളുടെ മിഥ്യാധാരണ തെളിയാത്ത ഒരു കൊലക്കേസിന്‌ തുമ്പുണ്ടാക്കി.''

''ഡോക്‌ടര്‍?'' അയാള്‍ ഞെട്ടിപ്പോയി.

''സോറി മി. രവീന്ദ്രനാഥ്‌. ഞാന്‍ താങ്കളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നു.''

''യൂ?''

''പതിമൂന്നുവര്‍ഷമായി ജൂലിയറ്റ്‌ കൊലക്കേസിലെ പ്രതിയെ പിടികൂടാന്‍ നടക്കുന്ന ഒരാളാണ്‌ ഞാന്‍.''

അനില്‍ലാല്‍ പോക്കറ്റില്‍നിന്നും കാര്‍ഡെടുത്ത്‌ കാണിച്ചു. അമ്പരപ്പോടെ രവീന്ദ്രനാഥ്‌ വായിച്ചു.

''അജിത്‌ സിംങ്ങ്‌. ഇന്‍സ്‌പെക്‌ര്‍ ഓഫ്‌ സി.ബി.ഐ.''രവീന്ദ്രനാഥിന്റെ കണ്ണുകളില്‍ ഇരുട്ടുപടര്‍ന്നു. ജൂലിയറ്റ്‌ യാത്രചെയ്‌ത കമ്പാര്‍ട്ടുമെന്റില്‍ സഹയാത്രികനായ ഒരാളുണ്ടായിരുന്നു എന്ന്‌ മാത്രമേ കേസിന്‌ തുമ്പായി ഉണ്ടായിരുന്നുള്ളൂ.

രവീന്ദ്രനാഥ്‌ റിസര്‍വേഷനു വെറുതെ ഒരു കൗതുകത്തിന്‌ തെറ്റായ മേല്‍വിലാസമാണ്‌ നല്‍കിയിരുന്നത്‌. ഇതു കാരണം വര്‍ഷങ്ങളോളം നീണ്ടുനിന്ന ശാസ്‌ത്രീയപഠനത്തിനു ശേഷമാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്യാന്‍ കഴിഞ്ഞത്‌.

Facebook

Facebook