അനുപമയുടെ നിലവിളി കേട്ടാണ് ബാബുരാജ് ഉമ്മറത്തേക്ക് ഓടിയെത്തിയത്. അവിടെ കണ്ട കാഴ്‌ച. തീക്കനില്‍ ചവിട്ടിയതുപോലെ അവന്‍ പെട്ടെന്ന് നിന്നു. രക്‌തം കട്ടപിടിച്ചതായി തോന്നി. മരണവെപ്രാളത്തോടെ നാക്കുനീട്ടി കണ്ണുകള്‍ തുറിപ്പിച്ച് സാവിത്രിയമ്മ തറയില്‍ കിടന്നു പിടയുന്നു. പേടിച്ചരണ്ട് അമ്മയുടെ അടുത്തേക്ക് ചെല്ലാനാവതെ കരയുകയാണ് അനുപമ. തലവെട്ടിച്ച് ബാബുരാജിനെ നോക്കി അനുപമ വിങ്ങിപ്പൊട്ടി. ''ഏട്ടാ, അമ്മ...'' അമ്മയ്‌ക്കെന്താണ് സംഭവിച്ചത്? ബാബുരാജ് ഓടിച്ചെന്ന് സാവിത്രിയമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അമ്മയുടെ ശരീരത്തിന് അസാധാരണ ഭാരം അനുഭവപ്പെട്ടു. പത്താംക്ലാസില്‍ പഠിക്കുകയാണ് ബാബുരാജ്. അനുപമ അഞ്ചിലും പഠിക്കുന്നു. ഭര്‍ത്താവ് മരിച്ച വിധവയായ സാവിത്രിയമ്മ കൂലിവേല ചെയ്‌താണ് മക്കളെ വളര്‍ത്തുന്നത്‌്. പട്ടിണിയും ദാരിദ്ര്യവും ആ വീട്ടിലുണ്ട്. അനുപമയുടെ നിലവിളികേട്ടാവണം അയല്‍ക്കാരും ഓടിയെത്തി. സാവിത്രിയമ്മയെക്കണ്ട് അവരും സ്‌തബ്‌ധരായി. ''അമ്മയ്‌ക്കെന്താ പറ്റിയെ?'' ബാബുരാജ് നെഞ്ചകം തകര്‍ന്ന് ചോദിച്ചു. ''നിനക്കെന്നെ മനസിലായില്ലേ....'' സാവിത്രിയമ്മയുടെ ചോദ്യത്തിന് പുരുഷസ്വരം. അതുകേട്ട അയല്‍ക്കാരി കല്യാണിക്ക് കാര്യം മനസിലായി. ''സാവിത്ര്യമ്മേടെ മേല് പ്രേതം കേറീതാ.'' കല്യാണി അടക്കം പറഞ്ഞു. ഉഗ്രശബ്‌ദത്തോടെ കൈ നിലത്തടിച്ച് ബാബുരാജിനെ നോക്കിയിട്ട് സാവിത്രിയമ്മ മുരണ്ടു. ''ഞാന്‍ നിന്റെ അമ്മയുടെ ചെറിയച്‌ഛനാണ്. ഗോവിന്ദായര്...'' കല്യാണിക്ക് നിഗമനം പിഴച്ചില്ല. അവര്‍ തലയ്‌ക്ക് മീതെ കൈവച്ച് പറഞ്ഞു. ''അങ്ങനെ വരട്ടെ. ഇത് ഗോവിന്ദന്‍നായരുടെ പ്രേതം തന്നെ. പോക്കാലന്‍താമി പൊറ്റിലാത്തറയില്‍ കൊണ്ടുപോയി കൊന്ന....'' വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കല്യാണിക്ക് കഴിഞ്ഞില്ല. അവര്‍ വല്ലാതെ ഭയന്നിരുന്നു. സാവിത്രിയമ്മയുടെ കണ്ണുകളില്‍ നനവുപരന്നു. കൈനീട്ടി. ബാബുരാജിനെ പിടിച്ച് ഗദ്‌ഗദത്തോടെ പറഞ്ഞു. ''ഞാന്‍ നിങ്ങളെ ദ്രോഹിക്കാന്‍ വന്നതല്ല. സംരക്ഷിക്കാന്‍ വന്നതാണ്.'' നിസഹായാവസ്‌ഥയിലായിരുന്നു ബാബുരാജും അനുപമയും. ''എനിക്ക് ദാഹിക്കിണു...'' സാവിത്രിയമ്മ തേങ്ങി. ബാബുരാജ് ഓടിച്ചെന്ന് ഒരു ഗ്ലാസ് പച്ചവെള്ളം കെണ്ടുവന്നെങ്കിലും സാവിത്രിയമ്മ അതുവാങ്ങി ദൂരെ എറിഞ്ഞിട്ട് അമറി- ''ചാരായം വാങ്ങിക്കൊണ്ടുവാ...'' കേട്ടവരൊക്കെ ഞെട്ടി. ബാബുരാജ് തൊട്ടടുത്തുള്ള ചാരായഷാപ്പിലേക്ക് ഓടി. ''ഇത്ര ചെറുപ്പത്തില്‍ പട്ടയടി തൊടങ്ങിയോടാ?'' ഷാപ്പുകാരന്റെ കമന്റിന് മറുപടി പറയാതെ ബാബുരാജ് ഇരുനൂറ്റമ്പത് മില്ലിയുള്ള ചാരായവുമായി വീട്ടിലേക്ക് ഓടി. കുപ്പിയുടെ അടപ്പുതുറന്ന് സാവിത്രിയമ്മ പട്ടച്ചാരായം ഒറ്റവീര്‍പ്പിന് കുടിച്ചുതീര്‍ത്തു. കുപ്പി ഒരു വശത്തേക്ക് വലിച്ചെറിഞ്ഞ് സാവിത്രിയമ്മയിലെ പ്രേതം അനുവാദം ചോദിച്ചു. ''ഞാന്‍ പാര്‍ക്കട്ടെ?'' അടുത്തനിമിഷം സാവിത്രിയമ്മ കൈ തറയില്‍ ശക്‌തമായി അടിച്ച് കമഴ്‌ന്ന്കിടന്നു. അയല്‍ക്കാര്‍ തിരിച്ചുപോയി. ബാബുരാജ് സാവിത്രിയമ്മയെ കുലുക്കിവിളിച്ചു. ''അമ്മേ... എണീക്കമ്മെ...'' ഉറക്കം ഉണര്‍ന്നമട്ടില്‍ സാവിത്രിയമ്മ എഴുന്നേറ്റു. നടന്നതെല്ലാം ബാബുരാജ് അമ്മയോട് വിവരിച്ചു. സാവിത്രിയമ്മ മകനെ സമാധാനിപ്പിച്ചു. ''അത് പോക്കാലന്‍ താമി കൊന്ന എന്റെ ചെറിയച്‌ഛന്റെ പ്രേതമാ.'' പട്ടച്ചാരായം കുടിച്ചതിന്റെ ലഹരിയില്ലാതെ സാവിത്രിയമ്മ എഴുന്നേറ്റ് ജോലി ചെയ്യാന്‍ തുടങ്ങി. സത്യത്തില്‍ ഈ സംഭവം ബാബുരാജിനെയും അനുപമയെയും വല്ലാതെ ഭീതിയിലാഴ്‌ത്തിയിരുന്നു. പിന്നീട് പലപ്പോഴും ഗോവിന്ദന്‍നായരുടെ പ്രേതം സാവിത്രിയമ്മയില്‍ സന്നിവേശിച്ചു. സാവിത്രിയമ്മ പെട്ടെന്ന് വീണാല്‍ ബാബുരാജ് ചാരായം വാങ്ങാന്‍ ഓടുന്നത് പതിവായി. ആരാണ് ഗോവിന്ദന്‍നായര്‍? ഗോവിന്ദന്‍നായര്‍ മരിച്ചതെങ്ങനെ? ബാബുരാജിന് ഒട്ടേറെ സംശയങ്ങളുണ്ടായി. സാവിത്രിയമ്മയുടെ അച്‌ഛന്റെ മരണശേഷം അമ്മ നാരായണിയമ്മ വിവാഹം ചെയ്‌തത് ഗോവിന്ദന്‍നായരെ. നെഞ്ചിലും പുറത്തും രോമം നിറഞ്ഞ കരുത്തനായിരുന്നു അയാള്‍. ആരെയും വകവയ്‌ക്കാത്ത ഭാവം. നന്നായി മദ്യപിക്കും. ദേവീ ഉപാസകനായിരുന്ന ഗോവിന്ദന്‍നായരുടെ ഇടത് തുട കീറി രക്ഷാത്തകിട് നിക്ഷേപിച്ചിട്ടുണ്ട്. ഒരു ദിവസം നാട്ടിലെ പ്രമാണിയായ കുമാരന്‍നായരുമായി ഗോവിന്ദന്‍നായര്‍ വഴക്കിട്ടു. അഭിമാനക്ഷതമേറ്റ കുമാരന്‍നായര്‍ ഗോവിന്ദന്‍നായരെ കൊല്ലാന്‍തന്നെ തീരുമാനിച്ചു. അതിന് കണ്ടെത്തിയത് ഗോവിന്ദന്‍നായരുടെ സുഹൃത്തായ താമിയെത്തന്നെ. ''നാളത്തെ സൂര്യോദയം കാണാന്‍ ഗോവിന്ദന്‍ ഉണ്ടാവരുത്‌്.'' കുമാരന്‍നായര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചു. തിരൂര്‍ പോലീസ് സ്‌റ്റേഷന്‍പരിധിയിലുള്ള തൃക്കണ്ടിയൂരിലാണ് ഈ ഗൂഢാലോചന നടന്നത്. തൃക്കണ്ടിയൂര്‍ മഹാശിവക്ഷേത്രത്തിലെ വാവുത്സവത്തലേന്ന് രാത്രി ക്ഷേത്രപരിസരത്തുണ്ടായിരുന്ന ഗോവിന്ദന്‍നായരെ സമീപിച്ച് താമി പറഞ്ഞു. ''വരുന്നോ, നായരേ. കുഞ്ഞൂട്ടന്റെ വീട്ടില്‍ നല്ല വാറ്റു കിട്ടും. ചതി മറഞ്ഞിരിക്കുന്നതറിയാതെ ഗോവിന്ദന്‍നായര്‍ താമിയോടൊപ്പം നടന്നു. വയല്‍വരമ്പിലൂടെ ഒന്നരകിലോമീറ്റര്‍ ദൂരെയുള്ള വാറ്റുകാരന്‍ കുഞ്ഞൂട്ടന്റെ വീട്ടിലേക്ക്. കുഞ്ഞൂട്ടന്റെ വീട്ടില്‍വച്ച് താമിയുടെ വക ഗോവിന്ദന്‍നായര്‍ക്ക് മതിയാവോളം ചാരായം കൊടുത്തു. ബോധം മറയുവോളം. പിന്നെ ഒതളങ്ങ അരച്ചുചേര്‍ത്ത ചാരായവും ബലമായി കുടിപ്പിച്ചു. ഇതുകണ്ട് നടുങ്ങിയ കുഞ്ഞൂട്ടന്‍ വേവലാതിയോടെ പറഞ്ഞു. ''വേണ്ട... ഇവിടെവച്ചു വേണ്ട...'' കാലന്റെ കലിപ്പുമായി മുറ്റത്തേക്കിറങ്ങിയ താമി തെങ്ങിന്‍പട്ട വെട്ടിയിട്ടു. പാന്തം ചെത്തി വലിച്ചെടുത്തു. കുരുക്കുണ്ടാക്കി ഗോവിന്ദന്‍നായരുടെ കഴുത്തിലിട്ട് മുറുക്കിവലിച്ച് മുറ്റത്തേക്ക് കൊണ്ടുവന്നു. താമി ഗോവിന്ദന്‍നായരെ വലിച്ചുകൊണ്ടുപോയത് ഒരു കിലോമീറ്റര്‍ അകലെയുള്ള പൊതുശ്‌മശാനത്തിലേക്ക്. അപ്പോഴേക്കും അയാള്‍ മരിച്ച് കഴിഞ്ഞിരുന്നു. ഗോവിന്ദന്‍നായരുടെ വൃഷണത്തില്‍ ചവിട്ടി മരണം ഉറപ്പുവരുത്തിയാണ് പാതിരാ കൊലപാതകം നടത്തി താമി മടങ്ങിയത്. ഗോവിന്ദന്‍നായര്‍ ശ്‌മശാനത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടു കിടക്കുന്നതാണ് പിറ്റേദിവസം ജനം കണ്ടത്. സംഭവത്തില്‍ താമി അറസ്‌റ്റിലായെങ്കിലും കുറ്റമവിമുക്‌തനായി. ദാരുണമായ അന്ത്യത്തിന് ഇരയായ ഗോവിന്ദന്‍നായരാണ് സാവിത്രിയമ്മയില്‍ സന്നിവേശിച്ച് ഇടക്കൊല്ലം ചാരായം അകത്താക്കിയിരുന്നത്. ഈ സംഭവം തുടര്‍ന്നത് ബാബുരാജിനെ വിഷമിപ്പിച്ചു. ഒരു മനശാസ്‌ത്രജ്‌ഞനെക്കണ്ട് ബാബുരാജ് സഹായം തേടി. ''ഇനി അമ്മയില്‍ പ്രേതം സന്നിവേശിച്ചാല്‍ ചാരായം വാങ്ങിത്തരാനാവില്ലെന്നും മേലില്‍ വരാന്‍ പാടില്ലെന്നും പറയുക.'' മനശാസ്‌ത്രജ്‌ഞന്‍ ഉപദേശിച്ചു. മറ്റൊരിക്കല്‍ പിന്നെയും സാവിത്രിയമ്മ വീണു. ചാരായം വാങ്ങാന്‍ ബാബുരാജ് ഷാപ്പിലേക്ക് ഓടിയില്ല. ''എനിക്ക് ദാഹിക്കുന്നു.'' സാവിത്രിയമ്മ നാക്കുനീട്ടി. കണ്ണ് തുറപ്പിച്ചു. ''ചാരായം തരില്ല. മേലില്‍ ഞങ്ങളെ ശല്യപ്പെടുത്താന്‍ വന്നാല്‍ ഞാന്‍ തൂങ്ങിച്ചാവും.'' ബാബുരാജിന്റെ പ്രതികരണം സാവിത്രിയമ്മയുടെ കണ്ണുകളില്‍ ഞെട്ടലുണ്ടാക്കി. ''അപ്പൊ, ഞാനിവിടെ വരുന്നത് ഇഷ്‌ടമല്ല അല്ലേ?'' ''അല്ല. ഇഷ്‌ടമല്ല.'' ബാബുരാജ് ധൈര്യം സംഭരിച്ച് പറഞ്ഞു. ''ശരി. ഞാന്‍ പോണു. ഇനി നിങ്ങള്‍ക്ക് ഞാനൊരു ശല്യമാവില്ല.'' സാവിത്രിയമ്മ നോര്‍മലായി. പിന്നീടൊരിക്കലും ഗോവിന്ദന്‍നായരുടെ ആത്മാവ് സാവിത്രിയമ്മയുടെ ശരീരത്തില്‍ സന്നിവേശിച്ചില്ല.ഇതിനെല്ലാം ഒരു മന:ശാസ്‌ത്രമുണ്ടായിരുന്നു. കൊല്ലപ്പെട്ട ഗോവിന്ദന്‍നായര്‍ക്ക് സാവിത്രിയമ്മയോട് വലിയ വാത്സല്യമായിരുന്നു. കൊലപാതകം നടന്നത് സാവിത്രിയമ്മ കുട്ടിയായിരിക്കുമ്പോഴാണ്. ഗോവിന്ദന്‍നായരുടെ മരണം അവരുടെ കുഞ്ഞു മനസില്‍ ആഘാതമുണ്ടാക്കിയിരുന്നു. കുറ്റവിമുക്‌തനാക്കപ്പെട്ട താമിയെ സാവിത്രിയമ്മ നിത്യവും കാണാറുണ്ട്‌് കൊലയാളി ശിക്ഷിക്കപ്പെടാതെ നടക്കുന്നത് സാവിത്രിയമ്മയില്‍ അമര്‍ഷമുണ്ടാക്കി. അത് അഗ്നിപര്‍വ്വതം കണക്കെ പുകഞ്ഞുകൊണ്ടിരുന്നു. താമിയോടുള്ള ഉപബോധമനസിന്റെ പ്രതികാരത്തിന് തുടക്കം കുറിച്ചായിരുന്നു പ്രേതം സന്നിവേശിച്ച് ചാരായം കുടിച്ചത്. മനശാസ്‌ത്രജ്‌ഞന്റെ ഉപദേശം ബാബുരാജ് തക്കസമയത്ത് തേടിയത് വലിയ ദുരന്തം ഒഴിവാക്കി. താമിയോടുള്ള പ്രതികാരം കൊലപാതകത്തില്‍വരെ കലാശിക്കുമായിരുന്നു. |
الاثنين، 8 نوفمبر 2010
ചാരായം കുടിക്കുന്ന പ്രേതം
الاشتراك في:
تعليقات الرسالة (Atom)
ليست هناك تعليقات:
إرسال تعليق