മുരുകഞ്ചേരി ഒരു ദേവദാസി യുവതിയായിരുന്നു. തിരുനന്ദിക്കര നന്ദികേശ്വര ക്ഷേത്രത്തിലെ പ്രധാന ദേവദാസിമാരില്‍ ഒരാളായിരുന്നു അവള്‍. ഒരിക്കല്‍ അവളില്‍ ഒരു ബ്രഹ്‌മരക്ഷസ് ആവേശിച്ചു. പലവിധ പൂജകളും കര്‍മങ്ങളും നടത്തിയിട്ടും മുരുകഞ്ചേരിയില്‍ നിന്നും ബ്രഹ്‌മരക്ഷസ് ഒഴിഞ്ഞുപോയില്ല. അവസാനം ചിലരുടെ നിര്‍ദേശപ്രകാരം ഒരു നാദസ്വരവിദ്വാനെ കൊണ്ടുവന്നു. മാന്ത്രികന്മാര്‍ക്കു കഴിയാത്തതെങ്ങനെയാണ് ഒരു നാദസ്വരവിദ്വാനു സാധിക്കുന്നതെന്ന് പലരും ചോദിച്ചെങ്കില്‍ അവരെ കുറ്റപ്പെടുത്തേണ്ട. ആരായാലും അങ്ങനെ ചോദിച്ചുപോകും.
എന്നാല്‍ ബ്രഹ്‌മരക്ഷസിനെ ഒഴിക്കാന്‍ എത്തുന്നത് ഒരു സാധാരണ നാദസ്വരവിദ്വാനല്ലെന്നും സാക്ഷാല്‍ കിട്ടുപ്പണിക്കരാണെന്നും കേട്ടതോടെ ചിലരൊക്കെ തങ്ങളുടെ സംശയം നിറഞ്ഞ ചോദ്യങ്ങളില്‍ നിന്നും പിന്മാറി. കാരണം, അദ്ദേഹത്തിന്റെ നാദസ്വരസംഗീതത്തിന് അത്തരത്തിലുള്ള ചില കഴിവുകള്‍ ഉള്ളതായി അവര്‍ നേരത്തെ അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ്. എന്തായാലും വാര്‍ധക്യം ബാധിച്ചുതുടങ്ങിയെങ്കിലും കിട്ടുപ്പണിക്കര്‍ തന്റെ ജീവിതത്തിന്റെ ഭാഗമായ നാദസ്വരവുമായി തിരുനന്തിക്കരയിലെത്തി. ബ്രഹ്‌മരക്ഷസ് ബാധിച്ച മുരുകഞ്ചേരിയെ കണ്ട ശേഷം, അദ്ദേഹംപോയി കുളിച്ചുവന്ന് നെറ്റിയില്‍ ഭസ്‌മവും കുങ്കുമവും ചാര്‍ത്തി. എന്നിട്ട് തന്റെ നാദസ്വരവുമായി മുരുകഞ്ചേരിക്ക് സമീപത്തെത്തി. ആ സമയം നിരവധി ആളുകള്‍ അവിടെ കൂടിയിരുന്നു. അത്രയ്‌ക്ക് മഹത്വമായിരുന്നു കിട്ടുപ്പണിക്കരുടെ നാദസ്വരസംഗീതത്തിന്.
ഒരു നിമിഷം കിട്ടുപ്പണിക്കര്‍ കണ്ണടച്ചു നിന്നു. എന്നിട്ട് തന്റെ നാദസ്വരമെടുത്ത് ചില പ്രത്യേകമായ, സുലഭമായി കേട്ടിട്ടില്ലാത്ത രാഗങ്ങള്‍ നീട്ടി വായിച്ചു. ഈ സമയം തന്റെ ദേഹത്തു നിലനിന്നിരുന്ന ഭാരം ഇറങ്ങിപ്പോയതായി അനുഭവപ്പെട്ടതായി മുരുകഞ്ചേരി വിളിച്ചു പറഞ്ഞു. ഇതു കേട്ടപ്പോള്‍ അവളുടെ മാതാപിതാക്കള്‍ മാത്രമല്ല, അവിടെ കൂടിനിന്നവരും സന്തോഷിച്ചു. അവര്‍ കിട്ടുപ്പണിക്കരെ അനുമോദിക്കാനും മറന്നില്ല. മുരുകഞ്ചേരിയുടെ ശരീരത്തില്‍ നിന്നും വിട്ടുമാറിയെങ്കിലും അന്നുരാത്രി ബ്രഹ്‌മരക്ഷസ് കിട്ടുപ്പണിക്കരെ സമീപിച്ചു. തനിക്ക് ഒരു ആസ്‌ഥാനമില്ലാതെ നില്‍ക്കാനാവില്ലെന്നും അതിനാല്‍ പണിക്കര്‍ തന്നെ ഒരു ആസ്‌ഥാനം കാണിച്ചു തരണമെന്നും ബ്രഹ്‌മരക്ഷസ് ആവശ്യപ്പെട്ടു.
ബ്രഹ്‌മരക്ഷസിന്റെ അഭ്യര്‍ഥന കേട്ട പണിക്കര്‍ അന്നു രാത്രി തന്നെ തിക്കുറിശിയിലേക്കു യാത്രതിരിച്ചു. കൂടെപ്പോരാന്‍ ബ്രഹ്‌മരക്ഷസിനോടും പറഞ്ഞു. അതുപോലെ ബ്രഹ്‌മരക്ഷസ് അനുസരിച്ചു. ആ രാത്രിയില്‍ത്തന്നെ ഇരുവരും തിക്കുറിശി മഹാദേവക്ഷേത്രസന്നിധിയിലെത്തി. അവിടെ നദിയിലേക്കു ചാഞ്ഞു നില്‍ക്കുന്ന ഒരു അരശുമരം ചൂണ്ടി കിട്ടുപ്പണിക്കര്‍, ബ്രഹ്‌മരക്ഷസിനോടിങ്ങനെ പറഞ്ഞു- ആ കാണുന്ന ശിഖരത്തില്‍ നീ സ്‌ഥാനം കണ്ടുകൊള്ളുക. മാത്രമല്ല, ഇനി നീ ആരെയും ഉപദ്രവിക്കുകയും ചെയ്യരുത്. ബ്രഹ്‌മരക്ഷസ് അതുപോലെ തന്നെ അനുസരിച്ച്, അരശുമരത്തിന്റെ ആറ്റിലേക്കു ചാഞ്ഞുനില്‍ക്കുന്ന ശിഖരത്തില്‍ ഇരിപ്പായി. കൂടാതെ ബ്രഹ്‌മരക്ഷസിന്റെ അഭ്യര്‍ഥന മാനിച്ച് കിട്ടുപ്പണിക്കര്‍ പിറ്റേദിവസം മുതല്‍ എല്ലാ ദിവസവും ആ അരശിന്റെ ചുവട്ടിലെത്തി നാദസ്വരം ആലപിക്കാനും തുടങ്ങി.
വര്‍ഷങ്ങള്‍ ചിലതു കടന്നു. പണിക്കര്‍ക്ക് വാര്‍ധക്യസഹജമായ അസുഖം കലശലായി. അദ്ദേഹം അങ്ങനെ പുറത്തിറങ്ങാതായി. ഒരു ദിവസം രാത്രി, ബ്രഹ്‌മരക്ഷസ്, കിട്ടുപ്പണിക്കരുടെ ശയ്യയ്‌ക്കരുകിലെത്തി. ഇനി തന്നെ മോചിപ്പിച്ചാല്‍ നന്നായിരുന്നുവെന്ന് ബ്രഹ്‌മരക്ഷസ് പണിക്കരോട് അപേക്ഷിച്ചു. ഒരു നിമിഷം പോലും പാഴാക്കാതെ പണിക്കര്‍ തന്റെ മൂത്ത പുത്രനെ അടുത്തു വിളിച്ചു. തന്റെ നാദസ്വരമെടുക്കാനാവശ്യപ്പെട്ടു. അദ്ദേഹത്തിന് അപ്പോള്‍ നാദസ്വരം കൈകൊണ്ട് എടുക്കാനുള്ള ശക്‌തി പോലും നഷ്‌ടപ്പെട്ടിരുന്നു. മകന്‍ നാദസ്വരത്തിന്റെ അഗ്രം അദ്ദേഹത്തിന്റെ വായില്‍ തിരുകി. പണിക്കര്‍ ശാന്തമായി ഒരു സംഗീതം ആലപിച്ചു. എന്നാല്‍ അവിടെക്കൂടിയവര്‍ക്കൊക്കെ അതൊരു അപസ്വരമായിട്ടാണു ബോധ്യപ്പെട്ടത്.
പണിക്കര്‍ തന്റെ ശയ്യയില്‍ കിടന്ന് നാദസ്വരം പൊഴിച്ച സമയം തിക്കുറിശി അമ്പലത്തിന്റെ മുറ്റത്തു നിന്ന അരശുമരത്തില്‍ നിന്നും ബ്രഹ്‌മരക്ഷസ് മോചിതമായിക്കഴിഞ്ഞിരുന്നു. മാത്രമല്ല, ബ്രഹ്‌മരക്ഷസ് നിലയുറപ്പിച്ചിരുന്ന അരശുമരത്തിന്റെ ആ ശിഖരം നാടൊട്ടുക്കും നടുങ്ങുന്ന ശബ്‌ദത്തോടെ ഒടിഞ്ഞ് താമ്രവര്‍ണിയില്‍ പതിക്കുകയും ചെയ്‌തു. നാദസ്വരത്തിന്റെ അഗ്രം തിരുകിയ വായില്‍ നിന്നും സംഗീതം പുറത്തുവരാതായപ്പോള്‍ കൂടിനിന്നവര്‍ പണിക്കരെ ശ്രദ്ധിച്ചു. മകന്‍ പതുക്കെ പണിക്കരുടെ വായില്‍ നിന്നും നാദസ്വരമെടുത്ത് മാറ്റി. അപ്പോള്‍ പണിക്കരുടെ ആത്മാവ് ആ ശരീരത്തില്‍ നിന്നും പറന്നു പോയിരുന്നു. പിന്നീട് പണിക്കരുടെ ആത്മാവ് നിത്യശാന്തി തേടിപ്പോയി എന്നും ബ്രഹ്‌മരക്ഷസ് പിന്നീടൊരിക്കലും ഈ നാട്ടില്‍ ആരേയും ശല്യം ചെയ്‌തില്ലയെന്നതും കഥയുടെ ശേഷപത്രം.
ليست هناك تعليقات:
إرسال تعليق